ഇബ്‌റാഹീം

സൂക്തങ്ങള്‍: 48-52

വാക്കര്‍ത്ഥം

ഭൂമി മാറ്റപ്പെടുന്ന നാളില്‍(ആയിരിക്കുകയും അവന്റെ പ്രതികാരം)= الْأَرْضُ   تُبَدَّلُ  يَوْمَഭൂമി അല്ലാത്തത് ആയിട്ട് = غَيْرَ الْأَرْضِവാനലോകവും = وَالسَّمَاوَاتُۖഅവര്‍(സര്‍വരും) അല്ലാഹുവിന്നു(ന്റെ മുന്നില്‍) വെളിപ്പെടുകയും(മറയില്ലാതെ നേരിട്ട് ഹാജരാവുകയും ചെയ്യുന്ന) = لِلَّهِ وَبَرَزُواസര്‍വത്തെയും അടക്കി വാഴുന്ന ഏകനായ(ഏകനും സര്‍വാധിപതിയുമായ)  = الْقَهَّارِ الْوَاحِدِനിനക്കു കാണാം = وَتَرَىകുറ്റവാളികളെ(സത്യവിരോധികളെ)  = الْمُجْرِمِينَഅന്നാളില്‍ = يَوْمَئِذٍ(കരചരണങ്ങള്‍)ബന്ധിക്കപ്പെട്ടവരായിട്ട് = مُّقَرَّنِينَചങ്ങലകളില്‍ = فِي الْأَصْفَادِഅവരുടെ ഉടുപ്പുകള്‍ = سَرَابِيلُهُمതാറിനാല്‍ ഉള്ളത്(ആയിരിക്കും)  = مِّن قَطِرَانٍപൊതിയും(ഞ്ഞിരിക്കും)  = وَتَغْشَىٰഅവരുടെ മുഖങ്ങള്‍ = وُجُوهَهُمُതീ(ജ്വാലകള്‍) = النَّارُഅല്ലാഹു കര്‍മഫലം നല്‍കുന്നതിനുവേണ്ടിയത്രെ(ഇത്) = اللَّهُ لِيَجْزِيَഓരോ ആത്മാവിനും = كُلَّ نَفْسٍഅതു സമ്പാദിച്ചതിന്(അവയുടെ പ്രവര്‍ത്തനങ്ങളുടെ) = مَّا كَسَبَتْۚതീര്‍ച്ചയായും അല്ലാഹു = إِنَّ اللَّهَഅതിശീഘ്രം വിചാരണ ചെയ്യുന്നവനാകുന്നു = الْحِسَابِ سَرِيعُഇത് = هَٰذَاഒരു സന്ദേശമാകുന്നു = بَلَاغٌമനുഷ്യര്‍ക്ക്(ആകമാനമുള്ള) = لِّلنَّاسِഅവര്‍ക്ക് മുന്നറിയിപ്പു ലഭിക്കാനും = وَلِيُنذَرُواഇതുവഴി = بِهِഅവര്‍ അറിയേണ്ടതിനും = وَلِيَعْلَمُواഅവന്‍(ദൈവം) = هُوَ أَنَّمَاഏകദൈവം മാത്രമാണെന്ന് = وَاحِدٌ إِلَٰهٌബോധവാന്മാരാകേണ്ടതിനും = وَلِيَذَّكَّرَഉള്‍ക്കാമ്പുള്ളവര്‍(സല്‍ബുദ്ധിയുള്ളവര്‍)  = أُولُو الْأَلْبَابِ

 يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾ لِيَجْزِيَ اللَّهُ كُلَّ نَفْسٍ مَّا كَسَبَتْۚ إِنَّ اللَّهَسَرِيعُ الْحِسَابِ ﴿٥١﴾ هَٰذَا بَلَاغٌ لِّلنَّاسِ وَلِيُنذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ ﴿٥٢﴾

48.          ഭൂലോകവും വാനലോകവും അവയല്ലാതാക്കി മാറ്റിമറിക്കപ്പെടുകയും, ഏകനും സര്‍വാധിപതിയുമായ അല്ലാഹുവിന്റെ മുന്നില്‍ സര്‍വരും മറയില്ലാതെ നേരിട്ടു ഹാജരാവുകയും ചെയ്യുന്ന നാളിലായിരിക്കും അവന്റെ പ്രതികാരം.

49.          കുറ്റവാളികളെ കരചരണങ്ങള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായി അന്നാളില്‍ നിനക്കു കാണാം.

50.          അന്ന് അവരുടെ ഉടുപ്പുകള്‍ താറുകൊണ്ടുള്ളതായിരിക്കും. മുഖങ്ങള്‍ തീജ്വാലകള്‍ പൊതിഞ്ഞിരിക്കും.

51.          അല്ലാഹു എല്ലാ ആത്മാവിന്നും അതിന്റെ കര്‍മഫലം നല്‍കുന്നതിനു വേണ്ടിയത്രെ ഇത്. അല്ലാഹു അതിശീഘ്രം കണക്കുനോക്കുന്നവനല്ലോ.

52.          ഇതു മനുഷ്യര്‍ക്കാകമാനമുള്ള സന്ദേശമാകുന്നു. അവര്‍ക്ക് മുന്നറിയിപ്പു ലഭിക്കേണ്ടതിനും സത്യത്തില്‍ ദൈവം ഏകന്‍ മാത്രമാണെന്ന് അറിയേണ്ടതിന്നും സല്‍ബുദ്ധിയുള്ളവര്‍ ബോധവാന്മാരാകേണ്ടതിന്നും വേണ്ടിയത്രെ ഇതയക്കപ്പെട്ടിരിക്കുന്നത്.

--------------

48-51. ഈ സൂക്തങ്ങളെ മുന്‍ സൂക്തവുമായി ബന്ധിപ്പിച്ചുകൊണ്ട്, അതില്‍ പ്രസ്താവിച്ച തിരിച്ചടിയുടെ സന്ദര്‍ഭം വിശദീകരിക്കുന്നതായിട്ടാണ് ചിലര്‍ മനസിലാക്കിയിട്ടുള്ളത്. അതായത്, അനിവാര്യമായ തിരിച്ചടി ഉണ്ടാകുന്നത് ഭൂമിയുടെയും വാനലോകത്തിന്റെയും പ്രകൃതിയാകെ മാറിമറിയുന്ന സന്ദര്‍ഭത്തിലായിരിക്കും. മറ്റു ചിലര്‍ 'ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക' وانذر الناس - എന്നു തുടങ്ങുന്ന 44-ാം സൂക്തവുമായി ബന്ധിപ്പിച്ചുകൊണ്ടും മുന്നറിയിപ്പിന്റെ ഭാഗമായും മനസ്സിലാക്കിയിരിക്കുന്നു. അന്ന് സകല സൃഷ്ടികളും അവരുടെ ഭൗതികജീവിതത്തിന്റെ കണക്കുബോധിപ്പിക്കാന്‍ അല്ലാഹുവിന്റെമുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വരും. തുടര്‍ന്ന് ശിക്ഷാര്‍ഹരായ കുറ്റവാളികള്‍ ചങ്ങലകളില്‍ ബന്ധിതരാവുകയും തീനാളങ്ങളാല്‍ പൊതിയപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഓരോ ദുഷ്ടനും അവന്റെ ദൗഷ്ട്യത്തിന്റെ പാരത്രികഫലം പൂര്‍ണമായി അനുഭവിക്കുന്നു.

ഭൂമിയും ആകാശവും അവയല്ലാത്തതാക്കി മാറ്റപ്പെടുക -يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ

 എന്നാല്‍ ഭൂഗോളത്തിന്റെയും വാനലോകത്തിന്റെയും നിലവിലുള്ള പ്രകൃതിയും പ്രവര്‍ത്തനരീതിയും പരിവര്‍ത്തിപ്പിക്കുകയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ കരുതുന്നു. ഭൂമി ധൂമമയമായിത്തീരുമെന്നും ആകാശഗോളങ്ങള്‍ സ്ഥാനംതെറ്റുകയും ഉതിര്‍ന്നുവീഴുകയും ചെയ്യുമെന്നും വിശദീകരിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും ഈ നിഗമനത്തെ ബലപ്പെടുത്തുന്ന ധാരാളം സൂചനകളുണ്ട്. ഉദാഹരണമായി ലോകാവസാനത്തെ പരാമര്‍ശിക്കുന്ന ചില സൂക്തങ്ങള്‍:

يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا *   وَفُتِحَتِ السَّمَاء فَكَانَتْ أَبْوَابًا *   وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا

(കാഹളം ഊതപ്പെടും നാളില്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി പുറപ്പെട്ടുവരും. ആകാശം തുറക്കപ്പെടും. അപ്പോള്‍ അതിനു പലപല കവാടങ്ങളുണ്ടായിരിക്കും. പര്‍വതങ്ങള്‍ ചലിപ്പിക്കപ്പെടും അപ്പോള്‍ അത് കാനലായിത്തീരുന്നു - 78:18-20). 

إذَا الشَّمْسُ كُوِّرَتْ * وَإِذَا النُّجُومُ انْكَدَرَتْ * وَإِذَا الْجِبَالُ سُيِّرَتْ * وَإِذَا الْعِشَارُ عُطِّلَتْ * وَإِذَا الْوُحُوشُ حُشِرَتْ * وَإِذَا الْبِحَارُ سُجِّرَتْ * وَإِذَا النُّفُوسُ زُوِّجَتْ *

(സൂര്യന്‍ ചുരുട്ടപ്പെടുമ്പോള്‍, താരകങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, മലകള്‍ ചലിപ്പിക്കപ്പെടുമ്പോള്‍, ഗര്‍ഭം തികഞ്ഞ ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍, വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, സമുദ്രങ്ങള്‍ കത്തിക്കപ്പെടുമ്പോള്‍,ആത്മാക്കള്‍ ഇണക്കപ്പെടുമ്പോള്‍... - 81:1-7).

وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنْسِفُهَا رَبِّي نَسْفًا*   فَيَذَرُهَا قَاعًا صَفْصَفًا *  لَا تَرَى فِيهَا عِوَجًا وَلَا أَمْتًا*

(ലോകാവസാന നാളില്‍ ഈ പര്‍വതങ്ങള്‍ എന്താകും എന്നവര്‍ ചോദിക്കുന്നുണ്ടല്ലോ. പറയുക: എന്റെ വിധാതാവ് അവയെ ധൂളിയാക്കി പറത്തിക്കളയുന്നതാണ്. ഭൂമിയെ അവന്‍ നിരന്ന മൈതാനമാക്കിയിടുന്നു. അതില്‍ നീ നിമ്‌നോന്നതങ്ങളോ വളവുതിരിവുകളോ കാണുന്നതല്ല - 20:105-107)

وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا

(അവസാനം ഭൗമോപരിതലമൊക്കെയും നാം തരിശായ സമതലമാക്കി മാറ്റുന്നതാകുന്നു - 18:8).

ചില പണ്ഡിതന്മാര്‍ പ്രകൃതവാക്യത്തെ, നിലവിലുള്ള ആകാശഭൂമികളെ സമ്പൂര്‍ണമായി നശിപ്പിച്ച് തല്‍സ്ഥാനത്ത് പുതിയ സൃഷ്ടികളുളവാക്കുക എന്ന അര്‍ഥത്തിലും വ്യാഖ്യാനിച്ചിരിക്കുന്നു. കൂടുതല്‍ പ്രബലമായതും ഭൂരിപക്ഷം പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളതും ആദ്യം പറഞ്ഞ വ്യാഖ്യാനമാകുന്നു. ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചു: അത് അതേ ഭൂമി തന്നെയായിരിക്കും. അതില്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നു മാത്രം. നക്ഷത്രഗോളങ്ങളുടെ ശൈഥില്യം സൂര്യചന്ദ്രന്മാരുടെ ഗ്രഹണം, വിഘടനം തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ ഉളവാകുന്നതാണ് വാനലോകത്തെ മാറ്റങ്ങള്‍. അതായത് അന്ത്യനാളില്‍ ആകാശഭൂമികള്‍ പൂര്‍ണമായി നശിപ്പിച്ചു കളയുകയില്ല. അവയുടെ ഭാവപ്രകൃതികളും പ്രവര്‍ത്തനക്രമങ്ങളും തകിടം മറിയുകയാണുണ്ടാവുക. ഒന്നും രണ്ടും കാഹളമൂത്തുകള്‍ക്കിടയിലായിരിക്കും ഈ മാറ്റങ്ങള്‍ സംഭവിക്കുക. അനന്തരം ആകാശഭൂമികളില്‍ പുതിയൊരു സംവിധാനം നിലവില്‍ വരുന്നു. ഈ പുതിയ ആകാശവും പുതിയ ഭൂമിയുമായിരിക്കും പരലോകം എന്ന് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയെപ്പോലുള്ള മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ആദിയില്‍ ഭൂമിയടക്കമുള്ള ഗോളങ്ങളെല്ലാം ഒട്ടിച്ചേര്‍ന്നുകിടന്ന പദാര്‍ഥസമുച്ചയമായിരുന്നുവെന്നും പിന്നീട് പലപല ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി വേര്‍പിരിയുകയായിരുന്നുവെന്നും ആധുനികശാസ്ത്രം പറയുന്നു. ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ടീ നിഗമനം. അതുപോലുള്ള മറ്റൊരു ഘടനാ പരിണാമത്തെയാണ് പ്രകൃതവചനം സൂചിപ്പിക്കുന്നത്.

  برزയുടെ അര്‍ഥം നേരത്തെ 21-ാം സൂക്തത്തിനു താഴെ വിശദീകരിച്ചിരിക്കുന്നു. ആര്‍ഭാടങ്ങളോ പദവികളോ പരിവാരങ്ങളോ വക്കീലുമാരോ ശിപാര്‍ശകരോ ഒന്നുമില്ലാതെ അല്ലാഹുവിന്റെമുമ്പില്‍ ഹാജരാകുന്നു എന്നാണ് ഈ സന്ദര്‍ഭത്തില്‍ അതിന്റെ താല്‍പര്യം. സ്വന്തം ശരീരവും ഭൗതിക ജീവിതത്തില്‍ അതുകൊണ്ട് നിര്‍വഹിച്ച കര്‍മങ്ങളും മാത്രമേ കൂടെയുണ്ടാകൂ. സകലത്തെയും സ്വന്തം അധികാരത്തിനു കീഴിലാക്കി അടക്കി ഭരിക്കുന്നവനാണ് القهار . മറ്റുള്ളവരുടെ സഹായത്തിനും സ്വാധീനത്തിനും അതീതനാണവന്‍. അവനെ നിയന്ത്രിക്കാനോ അവന്റെ നിയന്ത്രണത്തില്‍നിന്നു മുക്തനാവാനോ ആരാലും സാധ്യമല്ല. അങ്ങനെയുള്ള ശക്തിയാണ് അല്ലാഹുവെന്നും അല്ലാഹു മാത്രമേ അങ്ങനെയൊരു ശക്തിയുള്ളുവെന്നും, നേരത്തെ അത്തരം ഒരു ശക്തിയെ- അല്ലാഹുവിനെ നിഷേധിച്ചിരുന്നവര്‍ക്കെല്ലാം അപ്പോള്‍ ബോധ്യപ്പെടും.   مقرّرنين  ന് കരചരണങ്ങള്‍ ബന്ധിക്കപ്പെട്ടവരായി എന്നും പരസ്പരം അല്ലെങ്കില്‍ തങ്ങളുടെ ചെകുത്താന്മാരോടൊപ്പം ബന്ധിക്കപ്പെട്ടവരായി എന്നും അര്‍ഥം നല്‍കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഉചിതമായി തോന്നുന്നത് കരചരണങ്ങള്‍ ബന്ധിക്കപ്പെട്ടവരായി എന്ന അര്‍ഥമാണ്. صفد ന്റെ ബഹുവചനമാണ് أصفاد. കെട്ടുകള്‍ എന്നും ചങ്ങലകള്‍ എന്നും അര്‍ഥമുണ്ട്. കുപ്പായം എന്ന അര്‍ഥത്തിലും വസ്ത്രം എന്ന അര്‍ഥത്തിലും ഉപയോഗിക്കുന്ന പദമായ سربال  ന്റെ ബഹുവചനമാണ് سرابيل . ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഇവിടെ വിവക്ഷ. ഗന്ധകം,ടാര്‍, കീല് തുടങ്ങി കത്താന്‍ സഹായിക്കുന്ന പദാര്‍ഥങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദമാണ്  قطران  . ടാര്‍ ആണ് ഏറെ സുപരിചിതമായ അര്‍ഥം. അവരുടെ ദേഹമാസകലം ടാറടിച്ചിരിക്കും. അത് ഉടുപ്പുകളെന്നോണം ശരീരത്തില്‍ പറ്റിക്കിടക്കും. തീ തൊടേണ്ട താമസം ശരീരമാസകലം ആളിക്കത്തുന്നു. ടാറിന്റെ കറുപ്പും കരിയും ശരീരത്തെ അറപ്പുളവാക്കും വണ്ണം വെന്തളിഞ്ഞ് ദുര്‍ഗന്ധപൂരിതമാക്കുന്നു. ശരീരത്തില്‍ മാത്രമല്ല, അവരുടെ മുഖങ്ങളിലും തീ ആളിപ്പടര്‍ന്നിരിക്കും. ഈവിധം അപ്രതിരോധ്യവും അവര്‍ണനീയവുമായ വേദനകളും യാതനകളും നിറഞ്ഞതായിരിക്കും, അല്ലാഹു അവന്റെ ശത്രുക്കളോടു നടത്തുന്ന പ്രതികാരം. എന്നാല്‍, ഇതൊന്നും ഒരു ശത്രുവിന്റെ അന്ധമായ പ്രതികാരദാഹം തീര്‍ക്കലല്ല. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം അത്തരം പ്രതികാരദാഹത്തിന്റെ പ്രശ്‌നമേയില്ല. പക്ഷേ, കര്‍മങ്ങള്‍ക്ക് അതിന്റേതായ ഫലങ്ങള്‍- പ്രതികരണങ്ങള്‍ ഉളവാകുക പ്രകൃതിനിയമമാണ്,പ്രപഞ്ചനീതിയാണ്. കരണത്തിന് പ്രതികരണം ഇല്ലാതാകുന്നത് പ്രകൃതിനിയമത്തിന്റെ ലംഘനവും അനീതിയുമാകുന്നു. അതിനാല്‍ ഓരോ വ്യക്തിക്കും അവന്റെ കരണങ്ങള്‍ അര്‍ഹിക്കുന്ന പ്രതികരണം ലഭിക്കേണ്ടതുണ്ട്. അതു പൂര്‍ത്തീകരിക്കപ്പെടുന്നതിനു വേണ്ടിയാണ് അല്ലാഹു ഈ വിചാരണയും ശിക്ഷാനടപടിയും നിശ്ചയിച്ചിട്ടുള്ളത്.

അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവന്‍-سريع الحساب   ആകുന്നു എന്ന വാക്യത്തിന് രണ്ട് അര്‍ഥ തലമുണ്ട്. ഒന്ന്, ആദി പിതാവ് മുതല്‍ അവസാന മനുഷ്യന്‍ വരെയുള്ള എണ്ണമറ്റ കോടികളെ വിചാരണ ചെയ്യാനും വിധിക്കാനും അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ട. വിചാരണയും വിധിയും കാത്ത് ആരും അവന്റെ കോടതിയില്‍ കെട്ടിക്കിടക്കേണ്ടി വരില്ല. ഓരോരുത്തരും വിചാരണാസഭയിലെത്തിയാല്‍ ഉടനെ അവരുടെ ജീവിതം വിചാരണക്കെടുക്കുകയായി. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഒരാളുടെ ഒരാണ്ടത്തെ ജീവിതം വിചാരണചെയ്യാന്‍ വേണ്ട സമയം തന്നെയേ മറ്റനേകായിരങ്ങളുടെ സഹസ്രാബ്ദങ്ങള്‍ നീണ്ട ജീവിതം വിചാരണചെയ്യാനും വേണ്ടൂ. ഒളിഞ്ഞ കാര്യങ്ങളും മറഞ്ഞ കാര്യങ്ങളുമെല്ലാം എപ്പോഴും അവന്റെ മുന്നിലുണ്ടായിരിക്കും. അല്ലാഹുവിന്റെ അപാരമായ ശക്തിക്കുമുന്നില്‍ പ്രപഞ്ചത്തിലെ സകല സൃഷ്ടികളും ഒരാറ്റ സൃഷ്ടി പോലെയാണ്. مَا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَاحِدَةٍ (നിങ്ങളെ സൃഷ്ടിക്കുന്നതും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതും ഒരൊറ്റ ആത്മാവിനെ സൃഷ്ടിക്കുകയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യുന്നതു പോലെയാണ് - 31:28). സകലമാന മനുഷ്യരുടെയും ജീവിതം സമ്പൂര്‍ണമായി വിചാരണചെയ്യാന്‍ അല്ലാഹുവിന് ഒരു പകലിന്റെ പകുതിയേ വേണ്ടൂ എന്ന് ഒരു നിവേദനത്തില്‍ പറയുന്നുണ്ട്.

അതിവേഗ വിചാരണയുടെ മറ്റൊരര്‍ഥം ഇതാണ്: ലോകാവസാനം, ഉയിര്‍ത്തെഴുന്നേല്‍പ്, വിചാരണ ഇതൊക്കെ അതിവിദൂരമായ സങ്കല്‍പങ്ങളായി മനുഷ്യര്‍ക്കു തോന്നുന്നു. വിചാരണയും രക്ഷാശിക്ഷയും ഉണ്ടെങ്കില്‍ തന്നെ അത് അടുത്തൊന്നുമല്ല; ഈ ഭൂമിയിലെ ജീവിതം പൂര്‍ത്തിയാക്കി എത്രയോ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞ ശേഷമാണ്. അതിവിദൂരഭാവിയില്‍ സംഭവിച്ചേക്കുമെന്ന് സങ്കല്‍പിക്കുന്ന സംഗതികളെ പേടിച്ച് മുന്നിലുള്ളതും പൂര്‍ണമായി ബോധ്യപ്പെട്ടതുമായ വര്‍ത്തമാനജീവിതത്തെ കലുഷമാക്കുന്നതെന്തിന്? അവരോട് പറയുകയാണ്: നിങ്ങള്‍ വിചാരിക്കുന്നത്ര വിദൂരമായ കാലതാമസമൊന്നും അല്ലാഹുവിന്റെ വിചാരണക്കില്ല. മരണത്തിനും വിചാരണക്കുമിടയില്‍ നിങ്ങള്‍ക്ക് ഒട്ടും കാലതാമസമനുഭവപ്പെടുകയില്ല. മരിച്ച് ഏതാനും നാഴികകള്‍ പിന്നിട്ടപ്പോഴേക്കും വിചാരണക്കെഴുന്നേല്‍പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നും.

52.  സൂറയുടെ സമാപന വാക്യമാണിത്. അവസാനമായി അനുവാചകരെ ഒരിക്കല്‍ കൂടി ഉണര്‍ത്തുകയാണ്: ഈ സന്ദേശങ്ങളെല്ലാം അയച്ചു തന്നിട്ടുള്ളത് മനുഷ്യരുടെ മേല്‍ അല്ലാഹുവിന്റെ ന്യായം പൂര്‍ത്തിയാകുന്നതിനുവേണ്ടിയാകുന്നു. ഉയിര്‍ത്തെഴുന്നേല്‍പിനെയും പരലോകശിക്ഷകളെയും കുറിച്ച് അവര്‍ ബോധവാന്മാരാകാന്‍, മരണാനന്തരം തനിക്ക് അഭിമുഖീകരിക്കാനുള്ളത് ഒരേയൊരു ദൈവത്തെ മാത്രമാണെന്നും അവന്റെ മുമ്പില്‍ തന്നെ സഹായിക്കാനോ രക്ഷിക്കാനോ പ്രാപ്തരായ ആരുമുണ്ടാവില്ലെന്നും മനസ്സിലാക്കാന്‍, ബുദ്ധിമാന്മാര്‍ ഈ സന്ദേശം ഉള്‍ക്കൊണ്ട് ഉല്‍ബുദ്ധരാകാന്‍.

الحمد لله الذي وفقني لآتمام تنوير سورة إبراهيم

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ 

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.
 

Facebook Comments