യാസീന്‍

സൂക്തങ്ങള്‍: 7-9

വാക്കര്‍ത്ഥം

തീര്‍ച്ചയായും സത്യമായി പുലര്‍ന്നിരിക്കുന്നു = لَقَدْ حَقَّ
(ശിക്ഷാ വിധിയെ സംബന്ധിച്ച) വചനം = الْقَوْلُ
അവരിലേറെ പേരുടെ കാര്യത്തിലും = عَلَىٰ أَكْثَرِهِمْ
അതിനാല്‍ അവര്‍ = فَهُمْ
അവര്‍ വിശ്വസിക്കുകയില്ല = لَا يُؤْمِنُونَ
നാം ആക്കിയിരിക്കുന്നു = إِنَّا جَعَلْنَا
അവരുടെ കണ്ഠങ്ങളില്‍ = فِي أَعْنَاقِهِمْ
കൂച്ചുവിലങ്ങുകള്‍ = أَغْلَالًا
അത് = فَهِيَ
താടിയെല്ലുകള്‍ വരെയുണ്ട് = إِلَى الْأَذْقَانِ
അതിനാല്‍ അവര്‍ = فَهُم
തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നവരാണ് = مُّقْمَحُونَ
നാം ഉണ്ടാക്കിയിട്ടുണ്ട് = وَجَعَلْنَا
അവരുടെ മുന്നില്‍ = مِن بَيْنِ أَيْدِيهِمْ
ഒരു മതില്‍കെട്ട് = سَدًّا
അവരുടെ പിന്നിലും = وَمِنْ خَلْفِهِمْ
ഒരു മതില്‍കെട്ട് = سَدًّا
അങ്ങനെ നാമവരെ മൂടിക്കളഞ്ഞു = فَأَغْشَيْنَاهُمْ
അതിനാല്‍ അവര്‍ = فَهُمْ
കാണുന്നില്ല = لَا يُبْصِرُونَ

لَقَدْ حَقَّ الْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ ﴿٧﴾ إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُم مُّقْمَحُونَ ﴿٨﴾ وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدًّاوَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ ﴿٩﴾

(7-9) അവരിലധികമാളുകളും ശിക്ഷാവിധിക്ക് അര്‍ഹരായിക്കഴിഞ്ഞിരിക്കുകയാല്‍ സത്യവിശ്വാസം കൈക്കൊള്ളുന്നതല്ല.5 നാം അവരുടെ കഴുത്തുകളില്‍ വളയങ്ങളിട്ടിട്ടുണ്ട്. അവ താടിയെല്ലുകള്‍വരെ ഇറുകിക്കിടക്കുകയാണ്. തന്‍മൂലം അവര്‍ തലപൊക്കി നില്‍ക്കുകയാകുന്നു.6നാം അവര്‍ക്കുമുന്നില്‍ ഒരു മതില്‍ക്കെട്ടുണ്ടാക്കിയിരിക്കുന്നു. അവര്‍ക്കു പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. ഇനി അവര്‍ ഒന്നും കാണുകയില്ല.7

--------------

5. നബി(സ)യുടെ പ്രബോധനത്തെ ദുശ്ശാഠ്യത്തോടെ അക്രമപരമായി നേരിടുകയും അദ്ദേഹം പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്തവരെയാണിവിടെ പരാമര്‍ശിക്കുന്നത്. 'അവര്‍ ശിക്ഷാവിധിക്ക് അര്‍ഹരായിരിക്കുന്നു. അതിനാല്‍, അവര്‍ വിശ്വാസം കൈക്കൊള്ളുകയില്ല.' എന്ന് പ്രവചിക്കപ്പെട്ടിരിക്കയാണ്. ഉദ്‌ബോധനം കേള്‍ക്കാനേ കൂട്ടാക്കാതെ, പ്രവാചകന്‍മാര്‍ ന്യായം പൂര്‍ത്തീകരിച്ചുകഴിഞ്ഞ ശേഷവും, നിഷേധവും സന്മാര്‍ഗ വിരോധവുംതന്നെ തെരഞ്ഞെടുത്തവരാണ് ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. സ്വകര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അവരെ ഗ്രസിക്കുമെന്നും പിന്നീടവര്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാവില്ലെന്നും സാരം. ഉദ്‌ബോധനത്തെ പിന്തുടരുകയും പരമകാരുണികനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവാചകന്റെ മുന്നറിയിപ്പുകള്‍ പ്രയോജനം ചെയ്യൂ എന്ന് തുടര്‍ന്നുള്ള വാക്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

6. ഇവിടെ വളയങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്, അവരെ സത്യം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുന്ന ദുശ്ശാഠ്യങ്ങളത്രെ. 'താടിയെല്ലുകള്‍വരെ എത്തുക,' 'തലപൊക്കി നിലകൊള്ളുക' എന്നീ പ്രയോഗങ്ങള്‍കൊണ്ട് വ്യജ്ഞിക്കുന്നത് അഹന്തയാലും ദുരഭിമാനത്താലും പ്രേരിതനായി കഴുത്തുനിവര്‍ത്തി തലയെടുത്തുപിടിച്ചു നടക്കുന്നതിനെയാണ്. ദുശ്ശാഠ്യവും ദുര്‍വാശിയും നാം അവരുടെ പിരടികളിലെ കുരുക്കുകളാക്കിയിരിക്കയാണെന്നും തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏത് സുവ്യക്തമായ പരമാര്‍ഥത്തെയും തിരിഞ്ഞുനോക്കാനാവാത്തവിധം, അഹന്തയും ഗര്‍വുംമൂലം അവരുടെ കഴുത്തുകള്‍ കോടിപ്പോയിരിക്കുകയുമാണെന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്.

7. ഒരു മതില്‍ മുന്നിലും മറ്റൊന്ന് പിന്നിലും ഉയര്‍ത്തിയിരിക്കുന്നു എന്നതിന്റെ താല്‍പര്യമിതാണ്: ദുശ്ശാഠ്യത്തിന്റെയും ഗര്‍വിന്റെയും ഫലമായി ഇക്കൂട്ടര്‍ പൂര്‍വചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കുന്നില്ല. ഭാവിഭവിഷ്യത്തുകളെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നുമില്ല. ശുദ്ധപ്രകൃതരും നിഷ്പക്ഷമതികളുമായ ഏവര്‍ക്കും കാണാവുന്ന സുവ്യക്തമായ യാഥാര്‍ഥ്യങ്ങള്‍പോലും കാണാനാവാത്തവിധം പക്ഷപാതിത്വങ്ങള്‍ അവരെ നാനാഭാഗത്തുനിന്നും വലയം ചെയ്യുകയും അബദ്ധജടിലമായ മുന്‍ധാരണകള്‍ അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ മറയായിത്തീരുകയും ചെയ്തിരിക്കുന്നു എന്നര്‍ഥം.

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments