യാസീന്‍

സൂക്തങ്ങള്‍: 10-12

വാക്കര്‍ത്ഥം

അവരെ സംബന്ധിച്ചിടത്തോളം സമമാണ് = وَسَوَاءٌ عَلَيْهِمْ
നീ അവര്‍ക്ക് താക്കീതു നല്‍കുന്നതും = أَأَنذَرْتَهُمْ
അല്ലെങ്കില്‍ താക്കീത് നല്‍കാതിരിക്കുന്നതും = أَمْ لَمْ تُنذِرْهُمْ
(എന്തായാലും)അവര്‍ വിശ്വസിക്കുകയില്ല = لَا يُؤْمِنُونَ
നിന്റെ താക്കീതുപകരിക്കുക = إِنَّمَا تُنذِرُ
പിന്‍പറ്റിയവര്‍ക്കാണ് = مَنِ اتَّبَعَ
ഉല്‍ബോധനം = الذِّكْرَ
ഭയപ്പെടുന്നവര്‍ക്കും = وَخَشِيَ
പരമകാരുണികനെ = الرَّحْمَٰنَ
കാണാതെത്തന്നെ = بِالْغَيْبِۖ
അതിനാല്‍ നീ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക = فَبَشِّرْهُ
പാപമോചനത്തെപ്പറ്റി = بِمَغْفِرَةٍ
പ്രതിഫലത്തെപ്പറ്റിയും = وَأَجْرٍ
ഉദാരമായ = كَرِيمٍ
നിശ്ചയം നാം തന്നെയാണ് = إِنَّا نَحْنُ
ജീവിപ്പിക്കുന്നത് = نُحْيِي
മരിച്ചവരെ = الْمَوْتَىٰ
നാം രേഖപ്പെടുത്തുന്നു = وَنَكْتُبُ
അവര്‍ ചെയ്തുകൂട്ടിയത് = مَا قَدَّمُوا
അവയുടെ അനന്തരഫലങ്ങളും = وَآثَارَهُمْۚ
എല്ലാ കാര്യങ്ങളും = وَكُلَّ شَيْءٍ
നാം കൃത്യമായി ചേര്‍ത്തിരിക്കുന്നു = أَحْصَيْنَاهُ
ഒരു രേഖയില്‍ = فِي إِمَامٍ
വ്യക്തമായ = مُّبِينٍ

 وَسَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿١٠﴾ إِنَّمَا تُنذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَالرَّحْمَٰنَ بِالْغَيْبِۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ ﴿١١﴾إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ ﴿١٢﴾

( 10-11) നീ മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും ഒരുപോലെയാണ്, അവര്‍ വിശ്വസിക്കുകയില്ല.8 ഉദ്‌ബോധനത്തെ പിന്‍പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്‍ത്താന്‍ കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്‍മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക. 

(12) നിശ്ചയമായും മരിച്ചവരെയെല്ലാം ഒരു നാള്‍ നാം ജീവിപ്പിക്കുന്നതാകുന്നു. അവര്‍ ചെയ്ത പ്രവൃത്തികളൊക്കെയും നാം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. അവര്‍ പുറികിലുപേക്ഷിച്ചുപോയ ചിഹ്നങ്ങളെയും നാം കുറിച്ചുവെക്കുന്നു.9 സകല സംഗതികളും ഒരു തുറന്ന പട്ടികയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു. 

---------

8. ഈ സാഹചര്യത്തില്‍ പ്രബോധനം ചെയ്യുന്നതുതന്നെ നിഷ്ഫലമാണെന്നല്ല ഇതിനര്‍ഥം. പ്രത്യുത, താല്‍പര്യമിതാണ്: താങ്കളുടെ പ്രബോധനം മൊത്തത്തില്‍ എല്ലാതരമാളുകളിലേക്കും എത്തുന്നുണ്ട്. അവരില്‍ ചിലരെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. മറ്റു ചിലരെ അടുത്ത സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദ്യം പറഞ്ഞ വിഭാഗവുമായി ബന്ധപ്പെടേണ്ടിവരുമ്പോള്‍, അവരുടെ രൂക്ഷമായ എതിര്‍പ്പും നിഷേധവും അഹന്തയും ദുശ്ശാഠ്യവും കണ്ട് മനംമടുത്ത് പ്രബോധനകര്‍ത്തവ്യം ഉപേക്ഷിക്കാവതല്ല. കാരണം, മര്‍ത്യപാരാവാരത്തില്‍ സദുപദേശം സ്വീകരിക്കുന്നവരും ദൈവഭയംമൂലം സന്മാര്‍ഗമവലംബിക്കുന്നവരുമായ ആളുകള്‍ എവിടെയാണുള്ളതെന്ന് താങ്കള്‍ക്കറിയില്ല. താങ്കളുടെ ദൗത്യത്തിന്റെ ലക്ഷ്യംതന്നെ ഈ രണ്ടാമതു പറഞ്ഞ ആളുകളെ പരതിപ്പിടിക്കുക എന്നതത്രെ. അതിനാല്‍, ദുശ്ശാഠ്യക്കാരെ അവഗണിച്ച് മേല്‍പറഞ്ഞ വിഭാഗത്തിലുള്ള അമൂല്യരായ വ്യക്തികളെ സംഘടിപ്പിച്ച് മുന്നോട്ടുപോവുക.

9. മനുഷ്യന്റെ പ്രവര്‍ത്തനരേഖയില്‍ മൂന്നുതരം രേഖകള്‍ ഉള്‍പ്പെടുമെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. ഒന്ന്, ഒരു വ്യക്തി ചെയ്യുന്ന നല്ലതോ ചീത്തയോ ആയ ഏത് പ്രവൃത്തിയും അല്ലാഹുവിന്റെ ഏടുകളില്‍ ആലേഖനം ചെയ്യപ്പെടും. രണ്ട്, തന്റെ ചുറ്റുപാടുകളിലുള്ള സാധനങ്ങളിലും സ്വന്തം ശരീരാവയവങ്ങളിലും മനുഷ്യന്‍ എന്തെല്ലാം അടയാളങ്ങള്‍ (IMPRESSIONS) പതിക്കുന്നുവോ അവയെല്ലാം രേഖപ്പെട്ടുകിടക്കും പ്രസ്തുത അടയാളങ്ങളെല്ലാം ഒരു സന്ദര്‍ഭത്തില്‍ തെളിഞ്ഞുവരും. അപ്പോള്‍ സ്വന്തം ശബ്ദം കേള്‍ക്കുന്ന പോലെയും സ്വന്തം ചിന്തകളുടെയും ആശയങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും കഥകള്‍ മുഴുവന്‍ മനസ്സിന്റെ ഭിത്തിയില്‍ ആലേഖനം ചെയ്യപ്പെട്ടതുപോലെയും അവന്ന് അനുഭവപ്പെടും. തന്റെ നല്ലതോ ചീത്തയോ ആയ മുഴുപ്രവര്‍ത്തനങ്ങളുടെയും നീക്കങ്ങളുടെയും ചിത്രങ്ങള്‍ മുന്നില്‍ വന്നുനില്‍ക്കുന്നതായി കാണാന്‍ കഴിയും. മൂന്ന്, മരണശേഷം തന്റെ ഭാവിതലമുറയിലും സ്വന്തം സമൂഹത്തിലും പൊതുവെ മനുഷ്യവംശത്തിലും തന്റെ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ എന്തെല്ലാം ഫലങ്ങള്‍ അവന്‍ വിട്ടുപോയിട്ടുണ്ടോ അവ ഏതുകാലം വരെ എവിടെയെല്ലാം നിലനില്‍ക്കുന്നുവോ അതെല്ലാം അവന്റെ കണക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും; അവന്‍ സന്താനങ്ങള്‍ക്ക് നല്ലതോ ചീത്തയോ ആയ ഏത് ശിക്ഷണം നല്‍കിയാലും തന്റെ സമൂഹത്തില്‍ എന്ത് നന്മകളോ തിന്മകളോ പ്രചരിപ്പിച്ചാലും മനുഷ്യരാശിയുടെ പ്രയാണമാര്‍ഗത്തില്‍ എന്തെല്ലാം മുള്‍ച്ചെടികളോ പൂച്ചെടികളോ നട്ടുപിടിപ്പിച്ചാലും അവന്‍ ചെയ്ത കൃഷി അതിന്റെ നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ ലോകത്ത് ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമത്രയും അവയെല്ലാം സമ്പൂര്‍ണമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കും.

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments