യാസീന്‍

സൂക്തങ്ങള്‍: 28-32

വാക്കര്‍ത്ഥം

നാം ഇറക്കിയിട്ടില്ല = وَمَا أَنزَلْنَا
അദ്ദേഹത്തിന്റെ ജനതയുടെ നേരെ = عَلَىٰ قَوْمِهِ
അതിനു ശേഷം = مِن بَعْدِهِ
ഒരു സൈന്യത്തെയും = مِن جُندٍ
ഉപരിലോകത്തുനിന്ന് = مِّنَ السَّمَاءِ
അങ്ങനെ ഇറക്കുന്ന പതിവും നമുക്കില്ല = وَمَا كُنَّا مُنزِلِينَ
അതായിരുന്നില്ല = إِن كَانَتْ
ഒരു ഘോരശബ്ദമല്ലാതെ = إِلَّا صَيْحَةً وَاحِدَةً
അപ്പോഴേക്കും അവര്‍ = فَإِذَا هُمْ
കെട്ടടങ്ങിക്കഴിഞ്ഞു = خَامِدُونَ
എത്ര ദയനീയം! = يَا حَسْرَةً
ആ അടിമകളുടെ കാര്യം = عَلَى الْعِبَادِۚ
അവരിലേക്ക് ചെന്നിട്ടില്ല = مَا يَأْتِيهِم
ഒരു ദൈവദൂതനും = مِّن رَّسُولٍ
അവരായിട്ടല്ലാതെ = إِلَّا كَانُوا
അദ്ദേഹത്തെ = بِهِ
പരിഹസിക്കുന്നവര്‍ = يَسْتَهْزِئُونَ
ഇക്കൂട്ടര്‍ കാണുന്നില്ലേ = أَلَمْ يَرَوْا
എത്രയെത്രയാണ് നാം നശിപ്പിച്ചതെന്ന് = كَمْ أَهْلَكْنَا
അവര്‍ക്കു മുമ്പ് = قَبْلَهُم
തലമുറകളെ = مِّنَ الْقُرُونِ
പിന്നെ അവരാരും തന്നെ = أَنَّهُمْ
ഇവരുടെ അടുത്തേക്ക് = إِلَيْهِمْ
തിരിച്ചുവരുന്നില്ല = لَا يَرْجِعُونَ
നിശ്ചയം അവരെല്ലാവരും ഒന്നൊഴിയാതെ = وَإِن كُلٌّ لَّمَّا جَمِيعٌ
നമ്മുടെ മുമ്പില്‍ = لَّدَيْنَا
ഹാജറാക്കപ്പെടുന്നവരാണ് = مُحْضَرُونَ

وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ ﴿٢٨﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ ﴿٢٩﴾ يَا حَسْرَةً عَلَى الْعِبَادِۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ ﴿٣٠﴾ أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ ﴿٣١﴾ وَإِن كُلٌّ لَّمَّا جَمِيعٌلَّدَيْنَا مُحْضَرُونَ ﴿٣٢﴾

(28-32) അതിനുശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ നാം ആകാശത്തുനിന്ന് സൈന്യത്തെയൊന്നും ഇറക്കിയിട്ടില്ല. സൈന്യത്തെ ഇറക്കേണ്ട ആവശ്യവും നമുക്കുണ്ടായിരുന്നില്ല. ഒരു ഗര്‍ജനം മാത്രം! ഉടനെയതാ അവരൊക്കെയും കെട്ടടങ്ങിപ്പോയി.24 അടിമകളുടെ അവസ്ഥ ഹാ, പരിതാപകരം! ഏതു ദൈവദൂതന്‍ ചെന്നാലും അവര്‍ പരിഹസിക്കാതിരിക്കുന്നില്ല. ഇവര്‍ കാണുന്നില്ലേ, ഇവര്‍ക്കുമുമ്പ് എത്രയെത്ര സമുദായങ്ങളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്? പിന്നീട് അവരാരും ഇവരിലേക്കു തിരിച്ചുവന്നിട്ടില്ല.25 എല്ലാവരും ഒരുനാള്‍ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാകുന്നു.

============

24. ഈ വാക്കുകളില്‍ സൂക്ഷ്മമായൊരു പരിഹാസധ്വനിയുണ്ട്. സ്വന്തം ശക്തിയിലുള്ള അവരുടെ അഹങ്കാരവും സത്യത്തിനെതിരിലുള്ള വികാരാവേശവും ആ പ്രവാചകന്‍മാരെയും അവരില്‍ വിശ്വസിച്ചവരെയും ഭസ്മമാക്കിക്കളയാന്‍ പോന്ന അഗ്നിയാണെന്ന നാട്യത്തിലായിരുന്നു അവര്‍. പക്ഷേ, ദൈവശിക്ഷയുടെ ഒരു സ്പര്‍ശനമേറ്റപ്പോഴേക്കും തണുത്തുറഞ്ഞുപോകാനുള്ള ഊറ്റമേ ആ അഗ്നിക്കുണ്ടായിരുന്നുള്ളൂ.

25. പേരും കുറിയും അവശേഷിക്കാത്തവിധം അവരെ തുടച്ചുനീക്കി; വീണവരാരും പിന്നെ എഴുന്നേറ്റില്ല എന്നര്‍ഥം. ലോകത്ത് ഇന്നവരുടെ പിന്‍ഗാമികള്‍ ആരുംതന്നെയില്ല. അവരുടെ സംസ്‌കാരങ്ങള്‍ക്കും നാഗരികതകള്‍ക്കും മാത്രമല്ല, അവരുടെ സന്താന പരമ്പരകള്‍ക്കുപോലും അന്ത്യം സംഭവിച്ചു.

 

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments