യാസീന്‍

സൂക്തങ്ങള്‍: 37-40

വാക്കര്‍ത്ഥം

ഒരു ദൃഷ്ടാന്തമാണ് = وَآيَةٌ
അവര്‍ക്ക് = لَّهُمُ
രാത്രി = اللَّيْلُ
നാം ഊരിയെടുക്കുന്നു = نَسْلَخُ
അതില്‍ നിന്ന് = مِنْهُ
പകലിനെ = النَّهَارَ
അതോടെ = فَإِذَا
അവര്‍ = هُم
ഇരുളിലകപ്പെടുന്നു = مُّظْلِمُونَ
സൂര്യന്‍ = وَالشَّمْسُ
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു = تَجْرِي
സങ്കേതത്തിലേക്ക് = لِمُسْتَقَرٍّ
അതിന്റെ = لَّهَاۚ
അത് = ذَٰلِكَ
വ്യവസ്ഥയനുസരിച്ചാണ് = تَقْدِيرُ
പ്രതാപിയായ അല്ലാഹുവിന്റെ = الْعَزِيزِ
എല്ലാം അറിയുന്നവനും = الْعَلِيمِ
ചന്ദ്രന്നും = وَالْقَمَرَ
നാം നിശ്ചയിച്ചിരിക്കുന്നു = قَدَّرْنَاهُ
ചില മണ്ഡലങ്ങള്‍ = مَنَازِلَ
അങ്ങനെ അതായിത്തീരുന്നു = حَتَّىٰ عَادَ
ഈത്തപ്പനക്കുലയുടെ വളഞ്ഞ തണ്ടുപോലെ = كَالْعُرْجُونِ
പഴയ = الْقَدِيمِ
സൂര്യനു സാധ്യമല്ല = لَا الشَّمْسُ يَنبَغِي لَهَا
എത്തിപ്പിടിക്കാന്‍ = أَن تُدْرِكَ
ചന്ദ്രനെ = الْقَمَرَ
രാവുമല്ല = وَلَا اللَّيْلُ
മറികടക്കുന്നത് = سَابِقُ
പകലിനെ = النَّهَارِۚ
എല്ലാ ഓരോന്നും = وَكُلٌّ
നിശ്ചിത ഭ്രമണപഥത്തില്‍ = فِي فَلَكٍ
നീന്തിക്കൊണ്ടിരിക്കുകയാണ് = يَسْبَحُونَ

وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ ﴿٣٧﴾ وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَاۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿٣٨﴾ وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ﴿٣٩﴾ لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴿٤٠﴾

(37-40) അവര്‍ക്കുള്ള മറ്റൊരു ദൃഷ്ടാന്തമാകുന്നു രാത്രി. നാം അതില്‍നിന്ന് പകലിനെ ഊരിക്കളയുന്നു. അപ്പോള്‍ അവരില്‍ ഇരുട്ടു പരക്കുന്നു.32 സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു.33 അത് ആ അജയ്യനായ സര്‍വജ്ഞന്‍ കണിശമായി നിര്‍ണയിച്ചുവെച്ചതത്രെ. ചന്ദ്രന്‍, അതിനു നാം മണ്ഡലങ്ങള്‍ നിര്‍ണയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട്, ഒടുവില്‍ അത് ഈന്തപ്പനയുടെ ശുഷ്‌കിച്ച കുലച്ചില്ല പോലെ ആയിത്തീരുന്നു.34 ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന്ന് കഴിയില്ല.35 രാത്രിക്ക് പകലിനെ കവച്ചുകടക്കാനാവുകയുമില്ല.36 എല്ലാം ഓരോ പഥങ്ങളില്‍ നീന്തിക്കൊണ്ടേയിരിക്കുകയാകുന്നു37 .

=========

32. ദിനരാത്രങ്ങളുടെ പോക്കുവരവും സാധാരണ ദൃശ്യമായതുകൊണ്ടുമാത്രം മനുഷ്യന്‍ ശ്രദ്ധിക്കാത്ത യാഥാര്‍ഥ്യങ്ങളില്‍ പെട്ടതത്രെ. യഥാര്‍ഥത്തില്‍ പകല്‍ കഴിഞ്ഞുപോകുന്നതെങ്ങനെയെന്നും രാത്രി വരുന്നത് എങ്ങനെയെന്നും പകലിന്റെ പോക്കിലും രാത്രിയുടെ വരവിലും എന്തെല്ലാം യുക്തികള്‍ അടങ്ങിയിരിക്കുന്നുവെന്നും ചിന്തിക്കുകയാണെങ്കില്‍ ഇതെല്ലാം സര്‍വശക്തനും യുക്തിമാനുമായ രക്ഷിതാവിന്റെ അസ്തിത്വത്തിന് ഉജ്ജ്വലമായൊരു ദൃഷ്ടാന്തമാണെന്ന് ബോധ്യപ്പെടും. ഭൂമിയുടെ മുന്നില്‍നിന്ന് സൂര്യന്‍ മറയുന്നില്ലെങ്കില്‍ പകല്‍ അവസാനിക്കുകയോ രാത്രി വരുകയോ സംഭവ്യമല്ല. പകല്‍ അവസാനിക്കുന്നതിലും രാത്രി വന്നണയുന്നതിലും കാണപ്പെടുന്ന അങ്ങേയറ്റത്തെ ക്രമവും വ്യവസ്ഥയുമാകട്ടെ, സൂര്യനും ഭൂമിയും സുഭദ്രമായ ഒരേക വ്യവസ്ഥക്ക് കീഴ്‌പ്പെടുമ്പോഴല്ലാതെ സാധ്യമല്ല. മാത്രമല്ല, രാപ്പകലുകളുടെ പോക്കുവരവുകള്‍ക്ക് ഭൂമിയിലെ ജീവജാലങ്ങളുമായി കാണപ്പെടുന്ന അഭേദ്യമായ ബന്ധംതന്നെ ഈ വ്യവസ്ഥ പൂര്‍ണമായ അറിവോടുകൂടി ആരോ സോദ്ദേശ്യം സ്ഥാപിച്ചതാണെന്നതിന് വ്യക്തമായ തെളിവാകുന്നു. ഭൂമുഖത്ത് മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും അസ്തിത്വം മാത്രമല്ല വെള്ളം, വായു, വിവിധ ലോഹപദാര്‍ഥങ്ങള്‍ എന്നിവയുടെ അസ്തിത്വം പോലും ഭൂമിയെ സൂര്യനില്‍നിന്ന് ഒരു പ്രത്യേക അകലത്തില്‍ നിര്‍ത്തിയതിന്റെയും ഭൂമിയുടെ വിവിധ ഭാഗങ്ങള്‍ നിശ്ചിത സമയങ്ങളില്‍ ക്രമപ്രകാരം സൂര്യന്നഭിമുഖമായ ശേഷം വീണ്ടും അവിടെനിന്ന് അകലാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവെച്ചതിന്റെയും ഫലമത്രെ. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം വളരെയേറെ കുറയുകയോ വളരെയേറെ കൂടുകയോ ചെയ്തിരുന്നെങ്കില്‍, അഥവാ, ഭൂമിയുടെ ഒരു വശത്ത് എന്നും രാത്രിയും മറുവശത്ത് എന്നും പകലും ആയിരുന്നെങ്കില്‍, അതുമല്ലെങ്കില്‍ ദിനരാത്രങ്ങളുടെ ചംക്രമണം വളരെ ശീഘ്രഗതിയിലോ വളരെ മന്ദഗതിയിലോ ആയിരുന്നെങ്കില്‍, അതുമല്ലെങ്കില്‍ അവ്യവസ്ഥിതമായി എപ്പോഴെങ്കിലും പെട്ടെന്ന് പകല്‍ പരക്കുകയോ ഇരുള്‍മൂടുകയോ ചെയ്തിരുന്നെങ്കില്‍ ഇത്തരം പരിതഃസ്ഥിതികളിലൊന്നും ഈ ഭൂഗോളത്തില്‍ ജീവിതം സുസാധ്യമാകുമായിരുന്നില്ല. മാത്രമല്ല, നിര്‍ജീവ വസ്തുക്കളുടെ രൂപപ്രകൃതി പോലും ഇന്നുള്ളതില്‍നിന്ന് വളരെയേറെ വ്യത്യസ്തമാകുമായിരുന്നു. ഭൂമിയില്‍ ഒരു പ്രത്യേക തരത്തിലുള്ള സൃഷ്ടികളെ സൃഷ്ടിക്കാനുദ്ദേശിക്കുകയും അവയുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും അനുയോജ്യമായ വിധത്തില്‍ ഭൂമിക്കും സൂര്യന്നുമിടയില്‍ പൊരുത്തങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ഒരു ദൈവത്തിന്റെ കര്‍മവിലാസം മനക്കണ്ണ് നഷ്ടപ്പെടാത്ത ആര്‍ക്കും ഈ വ്യവസ്ഥകളില്‍ സ്പഷ്ടമായിക്കാണാവുന്നതാണ്. ഇനി ഏതെങ്കിലുമൊരു വ്യക്തിയുടെ ചിന്തയാല്‍ ദൈവാസ്തിത്വവും അവന്റെ ഏകത്വവും വിദൂരമായി തോന്നുന്നുവെങ്കില്‍ അയാള്‍ ഒന്ന് സ്വയം ചിന്തിച്ചുപറയട്ടെ, ഈ മഹല്‍കൃത്യങ്ങളെല്ലാം വിവിധ ദൈവങ്ങളുടെ പ്രവര്‍ത്തനമാണെന്ന് പറയുന്നതും ഇതെല്ലാം ലക്കും ലഗാനുമില്ലാത്ത ഏതോ നിയമമനുസിച്ച് സ്വയം ഉണ്ടായതാണെന്ന് മനസ്സിലാക്കുന്നതും എത്രമാത്രം അചിന്ത്യമാവേണ്ടതാണെന്ന്. ഒരു തെളിവും കൂടാതെ കേവലം അനുമാനങ്ങളെ ആസ്പദമാക്കി, രണ്ടാമത്തെ ദുര്‍ഗ്രഹമായ വാദഗതികളാണ് ഇനിയൊരാള്‍ അംഗീകരിക്കുന്നതെങ്കില്‍, പ്രപഞ്ചത്തില്‍ കാണപ്പെടുന്ന വ്യവസ്ഥാപിതത്വവും യുക്തിപരതയും ഉദ്ദേശ്യപരതയും ദൈവമുണ്ടെന്നതിനു മതിയായ തെളിവല്ലെന്നാണയാള്‍ വാദിക്കുന്നതെങ്കില്‍, ഏതെങ്കിലും സിദ്ധാന്തമോ ആദര്‍ശമോ അംഗീകരിക്കുന്നതിന് പൂര്‍ണമോ അപൂര്‍ണമോ ആയ ബുദ്ധിപരമായ വല്ല തെളിവും ആവശ്യമുണ്ടെന്ന വസ്തുതതന്നെ അയാള്‍ അംഗീകരിക്കുന്നുണ്ടെന്ന് വിചാരിക്കാന്‍ നമുക്ക് പ്രയാസമുണ്ട്.

33. مُسْتَقَرّ (സങ്കേതം) കൊണ്ടുദ്ദേശ്യം സൂര്യന്‍ അവസാനമായി ചെന്നുനില്‍ക്കുന്ന സ്ഥലമോ സമയമോ ആകാവുന്നതാണ്. പ്രപഞ്ച യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ ജ്ഞാനം ലഭിക്കുമ്പോള്‍ മാത്രമേ ഈ സൂക്തത്തിന്റെ സാക്ഷാല്‍ വിവക്ഷ മനുഷ്യന്ന് നിര്‍ണയിക്കാന്‍കഴിയൂ. മനുഷ്യവിജ്ഞാനം എക്കാലത്തും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണുള്ളത്. പ്രത്യക്ഷത്തില്‍ ഇന്ന് മനുഷ്യന്ന് മനസ്സിലാകുന്ന ഏതൊരു നിഗമനവും മറ്റൊന്നായി മാറാന്‍ എപ്പോഴും സാധ്യതയുണ്ട്. സൂര്യന്‍ ഭൂമിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നത്രെ പ്രാചീന കാലത്തെ ജനങ്ങള്‍, സാധാരണ കാഴ്ചയുടെ അടിസ്ഥാനത്തില്‍ വിശ്വസിച്ചിരുന്നത്. പിന്നീട്, കൂടുതല്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കുശേഷം സ്ഥാപിതമായ സിദ്ധാന്തമനുസരിച്ച് സൂര്യന്‍ സ്വസ്ഥാനത്തുതന്നെ നില്‍ക്കുകയും സൗരയൂഥം അതിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയുമാണ്. പക്ഷേ, ഈ സിദ്ധാന്തവും അന്യൂനമായി സ്ഥിരപ്പെട്ടിട്ടില്ല. പിന്നീടുണ്ടായ നിരീക്ഷണങ്ങളില്‍നിന്ന് മനസ്സിലായത്, സൂര്യന്‍ മാത്രമല്ല, നിശ്ചലങ്ങള്‍ എന്ന് കരുതപ്പെടുന്ന മുഴുവന്‍ താരങ്ങളും (FIXED STARS) ഒരു ദിശയില്‍ ചരിച്ചുകൊണ്ടിരിക്കുന്നുവെന്നത്രെ. സെക്കന്റില്‍ പത്തുമുതല്‍ നൂറുവരെ നാഴിക വേഗത്തിലാണവയുടെ ചലനമെന്ന് അനുമാനിക്കപ്പെടുന്നു. ആധുനിക ഗോളശാസ്ത്ര വിദഗ്ധന്‍മാര്‍ പറയുന്നത്, സൂര്യന്‍ മുഴുവന്‍ സൗരയൂഥത്തോടൊപ്പം സെക്കന്റില്‍ 20 കിലോമീറ്റര്‍ (ഏകദേശം പന്ത്രണ്ടുനാഴിക) വേഗത്തില്‍ ചരിച്ചുകൊണ്ടിരിക്കുന്നുവെന്നത്രെ. (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ STAR,SUN എന്നീ പദങ്ങള്‍ നോക്കുക).

34. അതായത്, ഒരു മാസത്തെ ഭ്രമണത്തിനുള്ളില്‍ ചന്ദ്രന്റെ രൂപം എന്നും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ദിവസം ചന്ദ്രക്കലയായി ഉദിക്കും. പിന്നീട് ദിനേന വലുതായി വരുന്നു. അങ്ങനെ പതിനാലാംരാവില്‍ പൂര്‍ണ ചന്ദ്രനായിത്തീരുന്നു. അനന്തരം നിത്യേന ചെറുതായി വരുകയും അവസാനം ആദ്യത്തെ മാസപ്പിറവിയുടെ ആകൃതിയില്‍ത്തന്നെ മടങ്ങിയെത്തുകയും ചെയ്യുന്നു. ഈ ഭ്രമണക്രമം ലക്ഷക്കണക്കില്‍ വര്‍ഷങ്ങളായി കണിശതയോടെ നടന്നുവരുന്നു. ചന്ദ്രന്റെ നിശ്ചിത മണ്ഡലങ്ങളില്‍ ഒരിക്കലും വ്യത്യാസം വന്നിട്ടില്ല. ഇക്കാരണത്താല്‍, ഏത് ദിവസം ചന്ദ്രന്‍ ഏത് സ്ഥാനത്തുണ്ടാവുമെന്ന് നമുക്ക് കണക്കൂകൂട്ടി മനസ്സിലാക്കാം. അതിന്റെ ചലനം ഒരു വ്യവസ്ഥക്ക് വിധേയമല്ലെങ്കില്‍ ഇങ്ങനെ കണക്കാക്കാന്‍ സാധിക്കുമായിരുന്നില്ല.

35. ഈ വാക്യത്തിന് രണ്ടുതരം വിവക്ഷയാകാം. അവ രണ്ടും യഥാര്‍ഥത്തില്‍ ശരിയുമാണ്. ഒന്ന്, ചന്ദ്രനെ പിടികൂടി തന്നിലേക്കാകര്‍ഷിക്കാനോ അല്ലെങ്കില്‍ അതിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച് അതുമായി കൂട്ടിമുട്ടാനോ സൂര്യന്ന് ശക്തിയില്ല. രണ്ട്, ചന്ദ്രോദയത്തിന് നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ സൂര്യന്‍ ഒരിക്കലും പ്രത്യക്ഷപ്പെടുകയില്ല. രാത്രി ചന്ദ്രന്‍ പ്രകാശിച്ചുകൊണ്ടിരിക്കെ പെട്ടെന്നൊരിക്കല്‍ സൂര്യന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക എന്നത് സംഭവ്യമല്ല.

36. പകലിന് നിശ്ചയിക്കപ്പെട്ട സമയം കഴിയുന്നതിനു മുമ്പായി രാത്രി വന്നുചേരുകയോ പകല്‍വെളിച്ചത്തിനു നിര്‍ണയിച്ചുകൊടുത്ത സമയത്ത് തന്റെ ഇരുട്ടുമായി രാവ് പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതും തീരെ സംഭവ്യമല്ലെന്നര്‍ഥം.

37. فَلَك എന്ന പദം അറബിഭാഷയില്‍ നക്ഷത്രങ്ങളുടെ ഭ്രമണപഥത്തി(Orbits)നാണുപയോഗിക്കുന്നത്. അതിന്റെ വിവക്ഷ 'ആകാശം' എന്ന പദത്തിന്റെ അര്‍ഥത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ്. 'എല്ലാം ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു' എന്ന പ്രസ്താവന നാല് യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന്, സൂര്യനും ചന്ദ്രനും മാത്രമല്ല, സകലനക്ഷത്രങ്ങളും ഗ്രഹങ്ങളും ചലിച്ചുകൊണ്ടിരിക്കയാണ്. രണ്ട്, അവയില്‍ ഓരോന്നിന്റെയും ഭ്രമണപഥം അഥവാ സഞ്ചാരമാര്‍ഗം വ്യത്യസ്തമാണ്. മൂന്ന്, ഭ്രമണപഥം നക്ഷത്രങ്ങളെയും വഹിച്ചു ചുറ്റിത്തിരിയുകയല്ല; പ്രത്യുത, നക്ഷത്രങ്ങള്‍ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുകയാണ്. നാല്, ഭ്രമണപഥത്തില്‍ നക്ഷത്രങ്ങളുടെ ചലനം ഏതെങ്കിലുമൊരു ദ്രാവകപദാര്‍ഥത്തിലൂടെ ഒരു വസ്തു നീന്തിക്കൊണ്ടിരിക്കുന്നതുപോലെയാണ്. ഈ സൂക്തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ജ്യോതിശ്ശാസ്ത്രം വിവരിക്കുകയല്ല. നേരെമറിച്ച്, മനുഷ്യന്‍ കണ്ണുതുറന്ന് നോക്കുകയും ബുദ്ധി ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ ഭൂമി മുതല്‍ ആകാശംവരെ എവിടെ ദൃഷ്ടിപതിച്ചാലും ദൈവാസ്തിത്വത്തിനും അവന്റെ ഏകത്വത്തിനുമുള്ള ധാരാളക്കണക്കില്‍ തെളിവുകള്‍ കണ്ടെത്താം എന്നു ധരിപ്പിക്കുകയും നിരീശ്വരത്വത്തിനും ബഹുദൈവത്വത്തിനും അനുകൂലമായി അവയിലെവിടെയും ഒരു തെളിവുപോലും ലഭ്യമല്ലെന്നുണര്‍ത്തുകയുമാണ്. സൗരയൂഥംതന്നെ എത്ര ഗംഭീരമാണെന്ന് ചിന്തിച്ചുനോക്കുക. അതിന്റെ കേന്ദ്രമായ സൂര്യന്‍ ഭൂമിയെക്കാള്‍ മൂന്ന് ലക്ഷം ഇരട്ടി വലുതാണ്. സൗരയൂഥത്തില്‍ ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമായ നെപ്റ്റ്യൂണ്‍ സൂര്യനില്‍നിന്ന് ചുരുങ്ങിയത് 279 കോടി 30 ലക്ഷം നാഴിക ദൂരെയാണ് സ്ഥിതിചെയ്യുന്നത്. ഇനി ഏറ്റവും ദൂരെയുള്ള ഗ്രഹം പ്ലൂട്ടോ (ഭൂമിയുടെ പകുതിയോളം വലിപ്പമില്ലാത്ത പ്ലൂട്ടോ ഒരു ഉപഗ്രഹമാണെന്നും അഭിപ്രായമുണ്ട്. സൂര്യനില്‍നിന്ന് ശരാശരി 367,30,00,000 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന പ്ലൂട്ടോ ചിലപ്പോള്‍ നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തിന്റെ അകത്താകാറുമുണ്ട് -വിവ.) ആണെങ്കില്‍ അത് ഭൂമിയില്‍നിന്ന് 460 കോടി നാഴിക ദൂരെ സ്ഥിതിചെയ്യുന്നു. എന്നാല്‍, ഈ ഗാംഭീര്യമെല്ലാം ഉള്ളതോടൊപ്പം ഈ സൗരയൂഥം ഒരു മഹാക്ഷീരപഥത്തിന്റെ കൊച്ചു ഘടകം മാത്രമാണ്. നമ്മുടെ സൗരയൂഥമടങ്ങുന്ന ക്ഷീരപഥത്തില്‍ (Galaxy) ഏകദേശം 3000 മില്യണ്‍ (300 കോടി) സൂര്യന്‍മാരടങ്ങിയിട്ടുണ്ട്. അവയില്‍ ഏറ്റവും അടുത്ത സൂര്യന്റെ പ്രകാശംതന്നെ നമ്മുടെ ഭൂമിയിലെത്താന്‍ നാലുവര്‍ഷം വേണ്ടിവരത്തക്കവണ്ണം ദൂരെയാണ് അത് സ്ഥിതിചെയ്യുന്നത്. ഈ ക്ഷീരപഥമാകട്ടെ മുഴുവന്‍ പ്രപഞ്ചമൊന്നുമല്ല. ഇന്നുവരെയുള്ള പര്യവേക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കപ്പെടുന്നത്, ഇത് ഏകദേശം 20 ലക്ഷം നബുലകളില്‍ (Spiral Nebula) (വ്യാവൃത്ത നീഹാരികകളില്‍) ഒന്നുമാത്രമാണത്രെ. അവയില്‍ ഏറ്റവും അടുത്ത നെബുലയുടെ പ്രകാശം 10 ലക്ഷം വര്‍ഷം കൊണ്ടാണ് ഭൂമിയിലെത്തുന്നത്. ആധുനികോപകരണങ്ങളുടെ സഹായത്തോടെ കാണപ്പെടുന്ന അതിവിദൂരമായ ഗ്രഹങ്ങളുടെ പ്രകാശം ഭൂമിയിലെത്താന്‍ പത്തുകോടി വര്‍ഷം വേണ്ടിവരും; എന്നിട്ടും പ്രപഞ്ചം മുഴുവന്‍ കണ്ടുകഴിഞ്ഞുവെന്ന് പറയുക സാധ്യമല്ല. ഇന്നോളം മനുഷ്യദൃഷ്ടിയില്‍ പെട്ടിട്ടുള്ളത് ദിവ്യസാമ്രാജ്യത്തിന്റെ വളരെ ചെറിയ അംശം മാത്രമാണ്. കൂടുതല്‍ ദര്‍ശനോപകരണങ്ങള്‍ ലഭ്യമാകുമ്പോള്‍ ഇനിയും എന്തെല്ലാം വിശാല വിസ്തൃതമായ മേഖലകള്‍ മനുഷ്യന്റെ മുമ്പില്‍ തുറക്കപ്പെടുമെന്ന് പറയുക സാധ്യമല്ല. ഇന്നുവരെ പ്രപഞ്ചത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും സ്ഥിരീകരിക്കുന്നത്, നമ്മുടെ ഈ ചെറിയ ഭൂലോകം ഏതൊരു പദാര്‍ഥത്തില്‍നിന്നുണ്ടായതാണോ അതില്‍നിന്നുതന്നെയാണ് മുഴുലോകവും ഉണ്ടായതെന്നത്രെ. നമ്മുടെ ഭൂമിയില്‍ പ്രയോഗത്തിലിരിക്കുന്ന അതേ നിയമമാണ് മുഴുലോകത്തിനുമുള്ളത്. അല്ലെങ്കില്‍, ഈ ഭൂമിയിലിരുന്നുകൊണ്ട് ഇത്രയും വിദൂരലോകങ്ങള്‍ ദര്‍ശിക്കാനും ദൂരം ഗണിക്കാനും അവയുടെ ചലനത്തിന്റെ കണക്കെടുക്കാനും നമുക്ക് ഒരു വിധത്തിലും സാധിക്കുമായിരുന്നില്ല. ഈ പ്രപഞ്ചമഖിലം ഒരേ ദൈവത്തിന്റെ സൃഷ്ടിയും ഒരേ രക്ഷാധികാരിയുടെ സാമ്രാജ്യവുമാണെന്നതിന് ഇതുതന്നെ വ്യക്തമായ തെളിവല്ലേ? അപ്രകാരംതന്നെ ലക്ഷക്കണക്കിലുള്ള ക്ഷീരപഥങ്ങളിലും അവക്കുള്ളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കോടിക്കണക്കില്‍ നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും കാണപ്പെടുന്ന വ്യവസ്ഥയും യുക്തിയും സൃഷ്ടിവൈഭവവും അവക്കിടയിലുള്ള ഐക്യവും കണ്ടശേഷവും ഇവയെല്ലാം സ്വയം ഉണ്ടായതാണെന്ന് ബുദ്ധിയുള്ളൊരു മനുഷ്യന്ന് വിഭാവന ചെയ്യാന്‍ സാധിക്കുമോ? ഈ ഘടനക്കു പിന്നില്‍ ഒരു സംഘാടകനും ഈ യുക്തിയുടെ പിന്നില്‍ ഒരു യുക്തിമാനും ഈ നിര്‍മാണത്തിനു പിന്നില്‍ ഒരു നിര്‍മാതാവും ഈ ഐക്യത്തിനു പിന്നില്‍ ഒരാസൂത്രകനും ഇല്ലെന്ന് വിചാരിക്കാന്‍ വല്ല ന്യായവുമുണ്ടോ?

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments