യാസീന്‍

സൂക്തങ്ങള്‍: 45-47

വാക്കര്‍ത്ഥം

അവരോടാവശ്യപ്പെട്ടാല്‍(അവര്‍ തീരെ ശ്രദ്ധിക്കുകയില്ല = وَإِذَا قِيلَ لَهُمُ
നിങ്ങള്‍ സൂക്ഷിക്കുക = اتَّقُوا
നിങ്ങള്‍ക്കു മുമ്പില്‍ സംഭവിക്കാനിരിക്കുന്ന വിപത്തുകള്‍ = مَا بَيْنَ أَيْدِيكُمْ
പിറകില്‍ സംഭവിച്ചു കഴിഞ്ഞവയും = وَمَا خَلْفَكُمْ
നിങ്ങള്‍ ആയേക്കാം = لَعَلَّكُمْ
കാരുണ്യം ലഭിക്കുന്നവര്‍ = تُرْحَمُونَ
അവര്‍ക്ക് വന്നെത്തുകയില്ല = وَمَا تَأْتِيهِم
ഒരു ദൃഷ്ടാന്തവും = مِّنْ آيَةٍ
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് = مِّنْ آيَاتِ رَبِّهِمْ
അവരായിട്ടല്ലാതെ = إِلَّا كَانُوا
അതിനെ = عَنْهَا
അവഗണിച്ചു തള്ളുന്നവര്‍ = مُعْرِضِينَ
അവരോടാവശ്യപ്പെട്ടാല്‍ = وَإِذَا قِيلَ لَهُمْ
നിങ്ങള്‍ ചെലവഴിക്കുക = أَنفِقُوا
നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് = مِمَّا رَزَقَكُمُ
അല്ലാഹു = اللَّهُ
പറയും = قَالَ
സത്യനിഷേധികള്‍ = الَّذِينَ كَفَرُوا
സത്യവിശ്വാസികളോട് = لِلَّذِينَ آمَنُوا
ഞങ്ങള്‍ അന്നം നല്‍കുകയോ = أَنُطْعِمُ
ഒരാള്‍ക്ക് = مَن
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ = لَّوْ يَشَاءُ اللَّهُ
അവന് അന്നം നല്‍കുമായിരുന്നു = أَطْعَمَهُ
നിങ്ങളല്ല = إِنْ أَنتُمْ
വഴികേടിലല്ലാതെ = إِلَّا فِي ضَلَالٍ
വ്യക്തമായ = مُّبِينٍ

وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ ﴿٤٥﴾ وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ ﴿٤٦﴾ وَإِذَا قِيلَ لَهُمْ أَنفِقُوا مِمَّا رَزَقَكُمُ اللَّهُ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَنُطْعِمُ مَن لَّوْ يَشَاءُ اللَّهُ أَطْعَمَهُ إِنْ أَنتُمْ إِلَّا فِي ضَلَالٍ مُّبِينٍ ﴿٤٧﴾

(45-47) ഈ ജനത്തോട്, 'മുന്നില്‍ വന്നുകൊണ്ടിരിക്കുന്നതും പിന്നില്‍ കഴിഞ്ഞുപോയിട്ടുള്ളതുമായ ദുരന്തങ്ങളെ41 സൂക്ഷിക്കുവിന്‍, നിങ്ങള്‍ക്ക് ദൈവകാരുണ്യം ലഭിക്കാന്‍' എന്ന് ഉപദേശിക്കപ്പെടുമ്പോള്‍ (അവര്‍ കേള്‍ക്കാത്ത ഭാവം നടിക്കുന്നു). റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഏതു ദൃഷ്ടാന്തം പ്രത്യക്ഷമായാലും അവരതു തിരിഞ്ഞുനോക്കുന്നേയില്ല.42 അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് കുറച്ചൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലും ചെലവഴിക്കുവിന്‍ എന്നുപദേശിക്കപ്പെടുമ്പോള്‍ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയുന്നു: 'അല്ലാഹു വിചാരിച്ചിരുന്നുവെങ്കില്‍ അവന്‍തന്നെ ആഹാരം നല്‍കുമായിരുന്നവര്‍ക്ക് ഞങ്ങള്‍ ആഹാരം നല്‍കണമെന്നോ? നിങ്ങള്‍ തീരെ പിഴച്ചുപോയല്ലോ43 .

===========

41. അതായത്, നിങ്ങള്‍ക്ക് മുമ്പുള്ള ജനതകള്‍ കണ്ടുകഴിഞ്ഞതെന്നര്‍ഥം.

42. 'ആയത്തുകള്‍'(ദൃഷ്ടാന്തങ്ങള്‍)കൊണ്ടുദ്ദേശ്യം മനുഷ്യര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങളടങ്ങിയ ദിവ്യഗ്രന്ഥത്തിലെ സൂക്തങ്ങളാകാം. അല്ലെങ്കില്‍ മനുഷ്യന്റെ അസ്തിത്വത്തിലും അവന്റെ ചരിത്രത്തിലും കാണപ്പെടുന്നതടക്കമുള്ള പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുമാകാം. മനുഷ്യന്‍ പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധനാണെങ്കില്‍ അവയെല്ലാം അവന്ന് പാഠം നല്‍കുന്നുണ്ട്.

43. സത്യനിഷേധം അവരുടെ ബുദ്ധിയെ മാത്രമല്ല മരവിപ്പിച്ചിരിക്കുന്നത്, അവരുടെ ധാര്‍മിക ബോധത്തെക്കൂടി നശിപ്പിച്ചിരിക്കുന്നുവെന്നാണിവിടെ പഠിപ്പിക്കുന്നത്. അവര്‍ ദൈവത്തെ സംബന്ധിച്ച് ശരിയായി ചിന്തിക്കുകയോ സൃഷ്ടികളോട് ശരിയായ രൂപത്തില്‍ പെരുമാറുകയോ ചെയ്യുന്നില്ല. എല്ലാ സദുപേദശങ്ങള്‍ക്കും നേരെ വിപരീതമായ പ്രതികരണമാണവര്‍ക്കുള്ളത്. എല്ലാ മാര്‍ഗഭ്രംശത്തിനും അധാര്‍മികതക്കും അവര്‍ക്കൊരു വളഞ്ഞ തത്ത്വശാസ്ത്രവും ഏതു നന്മയില്‍നിന്നും ഒളിച്ചോടുന്നതിന് കൃത്രിമമായ ഒഴികഴിവുകളും ഉണ്ടാകുമെന്ന് സാരം.

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments