യാസീന്‍

സൂക്തങ്ങള്‍: 52-54

വാക്കര്‍ത്ഥം

അവര്‍ പറയും = قَالُوا
നമ്മുടെ നാശമേ = يَا وَيْلَنَا
ആരാണ് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് = مَن بَعَثَنَا
നമ്മുടെ ഉറക്കത്തില്‍ നിന്ന് = مِن مَّرْقَدِنَاۜ
ഇതാണല്ലോ = هَٰذَا
വാഗ്ദാനം ചെയ്തത് = مَا وَعَدَ
പരമകാരുണികന്‍ = الرَّحْمَٰنُ
സത്യമാണ് പറഞ്ഞത് = وَصَدَقَ
ദൈവദൂതന്‍മാര്‍ = الْمُرْسَلُونَ
അതായിരിക്കുകയില്ല = إِن كَانَتْ
ഘോരശബ്ദമല്ലാതെ = إِلَّا صَيْحَةً
ഒരൊറ്റ = وَاحِدَةً
അപ്പോഴേക്കും = فَإِذَا
അവര്‍ = هُمْ
ഒന്നടങ്കം = جَمِيعٌ
നമ്മുടെ സന്നിധിയില്‍ = لَّدَيْنَا
ഹാജറാക്കപ്പെടുന്നു = مُحْضَرُونَ
അന്നാളില്‍ = فَالْيَوْمَ
അനീതി കാണിക്കപ്പെടുകയില്ല = لَا تُظْلَمُ
ആരോടും = نَفْسٌ
അല്‍പവും = شَيْئًا
നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല = وَلَا تُجْزَوْنَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള (പ്രതിഫല)മല്ലാതെ = إِلَّا مَا كُنتُمْ تَعْمَلُونَ

 قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَاۜ هَٰذَا مَا وَعَدَ الرَّحْمَٰنُوَصَدَقَ الْمُرْسَلُونَ ﴿٥٢﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٥٣﴾

فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٥٤﴾

( 52-54 ) അവര്‍ വിഹ്വലരായി വിലപിക്കുന്നുണ്ടാകും: 'ഹാ....! നമ്മെ ഉറക്കറകളില്‍നിന്ന് വിളിച്ചുണര്‍ത്തിയതാര്?'48 'ഇത് ദയാപരനായ ദൈവം വാഗ്ദാനം ചെയ്ത ആ സംഗതിതന്നെ. ദൈവദൂതന്മാര്‍ പറഞ്ഞത് സത്യമായിരുന്നു കേട്ടോ.'49 ഒരൊറ്റ ഘോരശബ്ദം മാത്രം, മര്‍ത്ത്യരാസകലമതാ നമ്മുടെ സമക്ഷം ഹാജരാക്കപ്പെടുന്നു. 50 അന്നേദിവസം ആരോടും അണുഅളവ് അനീതിയുണ്ടാകുന്നതല്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെപ്രകാരമാണോ, അതുപ്രകാരം മാത്രമായിരിക്കും പ്രതിഫലം ലഭിക്കുക.

============

48. അതായത്, തങ്ങള്‍ ഒരിക്കല്‍ മരിച്ചിരുന്നുവെന്നോ ദീര്‍ഘകാലത്തിനുശേഷം പുനരുജ്ജീവിപ്പിക്കപ്പെട്ടതാണെന്നോ ഉള്ള ബോധം അപ്പോള്‍ അവര്‍ക്കുണ്ടായിരിക്കില്ല. മറിച്ച്, തങ്ങള്‍ നിദ്രാധീനരായിരുന്നുവെന്നും ഇപ്പോള്‍ യാദൃച്ഛികമായുണ്ടായ ഏതോ ഭീകരസംഭവം കാരണം ഉണര്‍ന്നോടുകയാണെന്നുമായിരിക്കും അവരുടെ വിചാരം.

49. ഈ മറുപടി പറയുന്നത് ആരാണെന്ന കാര്യം ഇവിടെ വ്യക്തമാക്കിയിട്ടില്ല. അല്‍പസമയത്തിനുശേഷം അതേ ജനങ്ങള്‍ക്കുതന്നെ പ്രശ്‌നത്തിന്റെ യഥാര്‍ഥരൂപം മനസ്സിലാവുകയും 'ഞങ്ങളെന്തൊരു നിര്‍ഭാഗ്യവാന്‍മാര്‍! അല്ലാഹുവിന്റെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുകയും ഞങ്ങള്‍ കളവാക്കുകയും ചെയ്ത അതേ കാര്യമാണിത്' എന്ന് അവര്‍ ആത്മഗതം ചെയ്യുന്നതും ആകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍, അവരുടെ തെറ്റിദ്ധാരണ ദൂരീകരിക്കാന്‍വേണ്ടി ഇത് സ്വപ്നത്തില്‍നിന്നുണര്‍ന്നതല്ല, മരണത്തിനുശേഷമുള്ള ജീവിതമാണ് എന്ന വസ്തുത സത്യവിശ്വാസികള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതുമാകാം. അല്ലെങ്കില്‍ പ്രസ്തുത മറുപടി അന്ത്യനാളിലെ ചുറ്റുപാടുകളില്‍നിന്നവര്‍ക്ക് മനസ്സിലാകുന്നതോ സ്ഥിതിഗതികളുടെ യാഥാര്‍ഥ്യം മലക്കുകള്‍ അവരെ അറിയിക്കുന്നതോ ആകാം.

50. സത്യനിഷേധികളും ബഹുദൈവാരാധകരും അധര്‍മികളും പാപികളും അല്ലാഹുവിന്റെ മുന്നില്‍ സന്നിഹിതരാക്കപ്പെടുമ്പോള്‍ അവന്‍ അവരോടു പറയുന്നതാണിത്.

 

 

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments