യാസീന്‍

സൂക്തങ്ങള്‍: 61-65

വാക്കര്‍ത്ഥം

നിങ്ങള്‍ എനിക്ക് വഴിപ്പെടുക എന്നും = وَأَنِ اعْبُدُونِيۚ
ഇതാണ് = هَٰذَا
വഴി = صِرَاطٌ
നേരായ = مُّسْتَقِيمٌ
തീര്‍ച്ചയായും അവന്‍ (പിശാച്) വഴിപിഴപ്പിച്ചിട്ടുണ്ട്‌ = وَلَقَدْ أَضَلَّ
നിങ്ങളില്‍നിന്ന് = مِنكُمْ
സംഘങ്ങളെ = جِبِلًّا
അനേകം = كَثِيرًاۖ
എന്നിട്ടും നിങ്ങളാകുന്നില്ലേ = أَفَلَمْ تَكُونُوا
ചിന്തിച്ചുമനസിലാക്കുന്നവര്‍ = تَعْقِلُونَ
ഇതാ = هَٰذِهِ
നരകം = جَهَنَّمُ
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന = الَّتِي كُنتُمْ تُوعَدُونَ
നിങ്ങളതില്‍ കിടന്നെരിയുക = اصْلَوْهَا
ഇന്ന് = الْيَوْمَ
നിങ്ങള്‍ അവിശ്വസിച്ചതിന്റെ ഫലമായി = بِمَا كُنتُمْ تَكْفُرُونَ
അന്ന് = الْيَوْمَ
നാം മുദ്ര വെക്കും = نَخْتِمُ
അവരുടെ വായകള്‍ക്ക് = عَلَىٰ أَفْوَاهِهِمْ
നമ്മോട് സംസാരിക്കും = وَتُكَلِّمُنَا
അവരുടെ കൈകള്‍ = أَيْدِيهِمْ
സാക്ഷ്യം വഹിക്കും = وَتَشْهَدُ
അവരുടെ കാലുകള്‍ = أَرْجُلُهُم
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി = بِمَا كَانُوا يَكْسِبُونَ

وَأَنِ اعْبُدُونِيۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾ وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًاۖأَفَلَمْ تَكُونُوا تَعْقِلُونَ ﴿٦٢﴾ هَٰذِهِ جَهَنَّمُ الَّتِي كُنتُمْ تُوعَدُونَ ﴿٦٣﴾ اصْلَوْهَا الْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴿٦٤﴾الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ ﴿٦٥﴾

( 61-64) നിങ്ങള്‍ എനിക്ക് മാത്രമേ അടിമപ്പെടാവൂ, അതാണ് നേര്‍വഴി എന്നും.53 പക്ഷേ, എന്നിട്ടും നിങ്ങളില്‍ വലിയൊരു വിഭാഗത്തെ അവന്‍ വഴിതെറ്റിച്ചുകളഞ്ഞു. നിങ്ങള്‍ക്ക് ബുദ്ധിയില്ലായിരുന്നുവോ?54 ഇതാ നാം നിങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ആ നരകം. ഇഹലോകത്ത് അനുവര്‍ത്തിച്ച സത്യനിഷേധത്തിന്റെ ഫലമായി ഇനി ഇതിന്റെ വിറകായിക്കൊള്ളുവിന്‍.

(65) അന്നേ ദിവസം അവരുടെ വായകള്‍ നാം മൂടിക്കെട്ടുന്നു. അവരുടെ കരങ്ങള്‍ നമ്മോടു സംസാരിക്കും; കാലുകള്‍ സാക്ഷിനില്‍ക്കുകയും ചെയ്യും, അവര്‍ ഇഹലോകത്ത് നേടിക്കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന്55 .

===

53. ഇവിടെ വീണ്ടും അല്ലാഹു عبادة എന്ന പദം عبادة എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. നാം ഇതിനുമുമ്പ് തഫ്ഹീമുല്‍ ഖുര്‍ആനിന്റെ വിവിധ സ്ഥലങ്ങളില്‍ ഈ വിഷയം വിശദീകരിച്ചിട്ടുണ്ട് (ഒന്നാം വാല്യം, അന്നിസാഅ്: 145 , 146; അല്‍അന്‍ആം: 87 , 107 ; രണ്ടാം വാല്യം അത്തൗബ: 31 ; ഇബ്‌റാഹീം: 32 ; മൂന്നാം വാല്യം അല്‍കഹ്ഫ്: 50 ; മര്‍യം: 27 ; അല്‍ഖസ്വസ്വ്: 85 , നാലാം വാല്യം, സബഅ്: 63 എന്നീ വ്യാഖ്യാനകുറിപ്പുകള്‍ നോക്കുക.) ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം റാസി തന്റെ 'തഫ്‌സീറുല്‍ കബീറി'ല്‍ നടത്തിയ വിലപ്പെട്ട ചര്‍ച്ച ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു: لا تعبدوا الشيطان എന്നതിന്റെ അര്‍ഥം لا تطيعوه (അവനെ അനുസരിക്കരുത്) എന്നാണ്. പിശാചിന് സുജൂദ് ചെയ്യുന്നതുമാത്രമല്ല വിരോധിക്കപ്പെട്ടിരിക്കുന്നത്. അവന്ന് കീഴ്‌വണങ്ങുന്നതും അനുസരിക്കുന്നതും വിരോധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതിനുള്ള തെളിവ്. അതിനാല്‍, طاعة (അനുസരണം) عبادة ആണ്. അതിനുശേഷം ഇമാം അവര്‍കള്‍ ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. അതായത്, عبادة എന്ന പദം طاعة എന്ന അര്‍ഥത്തിലാണെങ്കില്‍ يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ എന്ന സൂക്തത്തില്‍ റസൂലിനെയും കൈകാര്യകര്‍ത്താക്കളെയും അനുസരിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇബാദത്ത് ചെയ്യാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കയാണോ എന്നാണ് പ്രസ്തുത ചോദ്യം. പിന്നീട് ഈ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കുന്നു: ''അവരോടുള്ള അനുസരണം അല്ലാഹുവിന്റെ ആജ്ഞപ്രകാരമാണെങ്കില്‍ അത് അല്ലാഹുവിനുതന്നെയുള്ള ഇബാദത്തും അവന്നുതന്നെയുള്ള 'ഇത്വാഅത്തും' ആകുന്നു. മലക്കുകള്‍ അല്ലാഹുവിന്റെ ആജ്ഞപ്രകാരം ആദമിന് സുജൂദ് ചെയ്തപ്പോള്‍ അല്ലാഹുവിനുതന്നെയുള്ള ഇബാദത്തായിരുന്നുവെന്ന് വ്യക്തമല്ലേ? അല്ലാഹു അനുസരിക്കാന്‍ അനുവാദം നല്‍കാത്ത പ്രശ്‌നങ്ങളില്‍ കൈകാര്യകര്‍ത്താക്കളെ അനുസരിക്കുന്നത് മാത്രമേ അവര്‍ക്കുള്ള ഇബാദത്തായിത്തീരുകയുള്ളൂ.'' അദ്ദേഹം തുടരുന്നു: ''ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്‌ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു.'' കുറച്ചുകൂടി കഴിഞ്ഞ് അദ്ദേഹം വീണ്ടും പ്രസ്താവിക്കുന്നു: ''എന്നാല്‍, പിശാചിനുള്ള ഇബാദത്തിന് വിവിധ പടികളുണ്ട്. ചിലപ്പോള്‍ മനുഷ്യന്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അവന്റെ മനസ്സും അവയവങ്ങളും നാവും അവനോട് സഹകരിക്കും. മറ്റു ചിലപ്പോള്‍ ശരീരാവയവങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍ ഒരു പ്രവൃത്തി ചെയ്യുന്നുവെങ്കിലും മനസ്സും നാവും അതില്‍ ഭാഗഭാക്കാവുകയില്ല. ചിലര്‍ ചില തെറ്റുകള്‍ ചെയ്യുമ്പോള്‍ അവരുടെ മനസ്സ് അതില്‍ സംതൃപ്തമല്ലാതിരിക്കുകയും അവരുടെ നാവ് അല്ലാഹുവിനോട് പാപമോചനം തേടുകയും ഈ പ്രവൃത്തി സ്വയം തെറ്റാണെന്ന് അവര്‍ സമ്മതിക്കുകയും ചെയ്യും. ഇതു കേവലം ബാഹ്യാവയവങ്ങള്‍കൊണ്ട് പിശാചിനുള്ള ഇബാദത്താണ്. എന്നാല്‍, മറ്റുചിലരാവട്ടെ, തികഞ്ഞ ശാന്തഹൃദയരായി തെറ്റുചെയ്യുകയും നാവുകൊണ്ട് തങ്ങളുടെ ആ പ്രവൃത്തിയില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ ബാഹ്യമായും ആന്തരികമായും പിശാചിന് ഇബാദത്ത് ചെയ്യുന്നവരാണ്.'' (തഫ്‌സീറുല്‍ കബീര്‍, വാല്യം 7, പേജ് 103-104)

54. അതായത്, നിങ്ങള്‍ക്ക് ബുദ്ധിശക്തി ലഭിക്കാതിരിക്കുകയും അങ്ങനെ നിങ്ങള്‍ സ്വന്തം രക്ഷിതാവിനെ ഉപേക്ഷിച്ച് ശത്രുവിന് അടിമവേല ചെയ്യുകയുമാണെങ്കില്‍ രക്ഷപ്പെടാന്‍ എന്തെങ്കിലും ന്യായമൊക്കെ പറയാനുണ്ടാകുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്ക് ദൈവദത്തമായ ബുദ്ധിശക്തിയുണ്ടായിരുന്നു. ലൗകികമായ പ്രവര്‍ത്തനങ്ങളെല്ലാം നിങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിനുപുറമെ ദൈവം തന്റെ പ്രവാചകന്‍മാര്‍ മുഖേന മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നിട്ടും നിങ്ങള്‍ സ്വന്തം ശത്രുവിന്റെ വഞ്ചനയില്‍ അകപ്പെടുകയും അവന്‍ നിങ്ങളെ വഴിപിഴപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തുവെങ്കില്‍ ആ മൗഢ്യത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നിങ്ങള്‍ക്കൊരിക്കലും രക്ഷപ്പെടാനാവില്ല.

55. സ്വന്തം കുറ്റങ്ങള്‍ സമ്മതിക്കാതിരിക്കുകയും സാക്ഷ്യങ്ങളെ കള്ളമാക്കുകയും സ്വന്തംപ്രവര്‍ത്തനരേഖ പോലും ശരിയാണെന്ന് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ധിക്കാരികളായ കുറ്റവാളികളെ സംബന്ധിച്ചുള്ള വിധിയാണിത്. 'ആവട്ടെ, നിന്റെ വാചകമടിയൊന്ന് നിര്‍ത്തുക. നിന്റെ അവയവങ്ങള്‍ നിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്താണ് പറയുന്നതെന്ന് നോക്കുക' എന്ന് അവനോട് അല്ലാഹു ആജ്ഞാപിക്കും. ഇവിടെ കൈകാലുകളുടെ സാക്ഷ്യം മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെങ്കിലും അവരുടെ കണ്ണുകളും ചെവികളും നാവുകളും ശരീരത്തിലെ തൊലികള്‍പോലും അവയുപയോഗിച്ച് ചെയ്ത മുഴുവന്‍ സംഭവങ്ങള്‍ക്കും സാക്ഷികളായിരിക്കുമെന്ന് മറ്റിടങ്ങളില്‍ ഖുര്‍ആന്‍ പറയുന്നു: يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ - النور : ٢٤ (അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുന്ന ദിവസം.) حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُوا يَعْمَلُونَ - حم السجدة : ٢٠ (അങ്ങനെ അവിടെ ധനരകത്തില്‍പ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവരുടെ ചെവികളും കണ്ണുകളും തൊലികളും അവര്‍ക്കെതിരില്‍ സാക്ഷി പറയും.) ഇവിടെ ഒരു ചോദ്യമുദ്ഭവിക്കുന്നു. അതായത്, ഒരിടത്ത് അല്ലാഹു പറയുന്നു: നാമവരുടെ വായ മൂടുമെന്ന്, മറ്റൊരിടത്ത് (സൂറതുന്നൂറില്‍) അവരുടെ നാവുകള്‍ സാക്ഷ്യം വഹിക്കും എന്നും പ്രസ്താവിക്കുന്നു. ഈ രണ്ടുകാര്യങ്ങളും എങ്ങനെ യോജിപ്പിക്കാമെന്നാണ് പ്രസ്തുത ചോദ്യം. മറുപടി ഇങ്ങനെയാണ്: വായ മൂടിക്കെട്ടുമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അവരുടെ സംസാരസ്വാതന്ത്ര്യം എടുത്തുകളയുമെന്നാണ്. അതായത്, സ്വാഭീഷ്ടമനുസരിച്ച് നാവുകൊണ്ട് സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കയില്ല. നാവുകള്‍കൊണ്ടുള്ള സാക്ഷ്യത്തിന്റെ വിവക്ഷ അവരുടെ നാവുകള്‍ സ്വയം ആ സംഭവങ്ങള്‍ കേള്‍പ്പിക്കാന്‍ തുടങ്ങും എന്നാകുന്നു. അഥവാ, ഈ അക്രമികള്‍ സത്യനിഷേധം പുലമ്പാനും വ്യാജങ്ങള്‍ പറയാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ തങ്ങളെ എങ്ങനെയെല്ലാം ഉപയോഗിച്ചുവെന്ന് അവരുടെ നാവുകള്‍ സ്വയം പറഞ്ഞുതുടങ്ങും.

 

 

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments