യാസീന്‍

സൂക്തങ്ങള്‍: 66-68

വാക്കര്‍ത്ഥം

നാം ഇഛിച്ചിരുന്നെങ്കില്‍ = وَلَوْ نَشَاءُ
നാം തുടച്ചുനീക്കുമായിരുന്നു = لَطَمَسْنَا
അവരുടെ കണ്ണുകളെ = عَلَىٰ أَعْيُنِهِمْ
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും = فَاسْتَبَقُوا
വഴിയിലൂടെ = الصِّرَاطَ
എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ് = فَأَنَّىٰ يُبْصِرُونَ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ = وَلَوْ نَشَاءُ
അവരെ രൂപമാറ്റം വരുത്തുമായിരുന്നു = لَمَسَخْنَاهُمْ
അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ = عَلَىٰ مَكَانَتِهِمْ
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല = فَمَا اسْتَطَاعُوا
മുന്നോട്ടുപോകാന്‍ = مُضِيًّا
പിന്നോട്ടുമടങ്ങുകയുമില്ല = وَلَا يَرْجِعُونَ
നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസു നല്‍കുകയാണെങ്കില്‍ = وَمَن نُّعَمِّرْهُ
അയാളെ തലതിരിച്ചുകൊണ്ടുവരും = نُنَكِّسْهُ
ആകൃതിയിലും പ്രകൃതിയിലും = فِي الْخَلْقِۖ
എന്നിട്ടും അവര്‍ ആലോചിച്ചറിയുന്നില്ലേ = أَفَلَا يَعْقِلُونَ

وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ ﴿٦٦﴾ وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُونَ ﴿٦٧﴾وَمَن نُّعَمِّرْهُ نُنَكِّسْهُ فِي الْخَلْقِۖ أَفَلَا يَعْقِلُونَ ﴿٦٨﴾

(66-68) നാം വിചാരിച്ചാല്‍ അവരുടെ നേത്രങ്ങളെ മായ്ച്ചുകളയാം. അപ്പോഴവര്‍ വഴിയിലേക്ക് കുതിച്ചുനോക്കും. എങ്ങനെ വഴി കാണാന്‍? വേണമെങ്കില്‍ നമുക്കവരെ മുന്നോട്ടുപോകാനോ പിന്നോട്ടു മടങ്ങാനോ കഴിയാത്തവിധം സ്വസ്ഥാനങ്ങളില്‍ രൂപഭേദം ചെയ്തുനിര്‍ത്തിക്കളയാം.56 നാം ദീര്‍ഘായുസ്സ് നല്‍കുന്നവന്റെ സൃഷ്ടിഘടനയെ പാടെ മാറ്റിമറിക്കുന്നുണ്ടല്ലോ. (അതുകണ്ടിട്ട്) ഇവര്‍ക്ക് ബുദ്ധി തെളിയുന്നില്ലയോ?57 .

========

56. അന്ത്യദിനത്തിന്റെ ചിത്രം വരച്ചുകാട്ടിയശേഷം അവരോട് അല്ലാഹു പറയുന്നത് ഇങ്ങനെയാണ്: ഈ അന്ത്യദിനം നിങ്ങള്‍ക്കിപ്പോള്‍ വളരെ വിദൂരമായി തോന്നുന്നുണ്ടായിരിക്കാം. എന്നാല്‍, അല്‍പം ബോധപൂര്‍വം ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങള്‍ ജീവിക്കുന്ന ഈ ഭൂമുഖത്തുതന്നെ അല്ലാഹുവിന്റെ അജയ്യമായ ശക്തിക്കുമുമ്പില്‍ നിങ്ങള്‍ എത്രമാത്രം നിസ്സഹായരാണ്. ഏതൊരു കണ്ണുകളുടെ കാഴ്ചയെ ആസ്പദമാക്കി നിങ്ങള്‍ ലോകത്തെ മുഴുപ്രവര്‍ത്തനങ്ങളും നടത്തുന്നുവോ പ്രസ്തുത കണ്ണുകള്‍ അല്ലാഹുവിന്റെ ഒരു സൂചന ലഭിക്കുന്നതോടെ തികച്ചും അന്ധമായിത്തീരുന്നതാണ്. ഏത് കാലുകളുടെ സഹായത്തോടെ ഓടിനടന്ന് നിങ്ങളീ പരിശ്രമങ്ങളെല്ലാം നടത്തുന്നുവോ അല്ലാഹുവിന്റെ ഒരു കല്‍പനയോടെ അവ പെട്ടെന്ന് തളര്‍ന്നുപോയേക്കാം. എന്നാല്‍, ദൈവദത്തമായ ഈ അവയവങ്ങള്‍ പ്രയോജനപ്പെട്ടുക്കൊണ്ടിരിക്കുന്ന കാലത്തോളം നിങ്ങള്‍ സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നു. പക്ഷേ, അവയില്‍ ഏതെങ്കിലുമൊന്ന് നിശ്ചലമായിത്തീരുമ്പോള്‍ നിങ്ങള്‍ക്കറിയാം സ്വന്തം ശേഷി എത്രയുണ്ടെന്ന്.

57. വാര്‍ധക്യദശയില്‍ മനുഷ്യന്റെ അവസ്ഥയെ അല്ലാഹു ശൈശവതുല്യമാക്കുന്നു. അങ്ങനെ അവന്‍ നടക്കാനും നീങ്ങാനും കഴിയാത്തവനായിത്തീരുന്നു. നടക്കാനും ഇരിക്കാനും ഒക്കെ പരസഹായം ആവശ്യമായിവരുന്നു. തിന്നാനും കുടിക്കാനും പോലും അവന്ന് സ്വയം സാധ്യമല്ലെന്നാകും. ശിശുക്കളെപ്പോലെ അവന്‍ സ്വന്തം വസ്ത്രത്തിലും ശയ്യയിലുമൊക്കെ മലമൂത്ര വിസര്‍ജനം ചെയ്യുന്നു. കേള്‍വിക്കാര്‍ക്ക് ചിരിവരും വണ്ണം അര്‍ഥശൂന്യമായി സംസാരിക്കുന്നു. ചുരുക്കത്തില്‍, എന്തുമാത്രം ദുര്‍ബലാവസ്ഥയിലാണോ അവന്‍ ജീവിതം ആരംഭിച്ചത് അതേ അവസ്ഥയിലേക്കുതന്നെ മടങ്ങിയെത്തുന്നു. ഇതാണ് സൃഷ്ടിഘടന മാറ്റിമറിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments